ആത്മോപദേശശതകം 11-20

ആത്മോപദേശശതകം  11-20

YouTube Video Channel
Recited By Smt Latha Vaidyer






                                   ആലാപനം : ശ്രീമതി ലതാ വൈദ്യർ                               


11
‘അഹമഹ’മെന്നരുളുന്നതൊക്കെയാരാ-
യുകിലകമേ പലതല്ലതേകമാകും;
അകലുമഹന്തയനേകമാകയാലീ
തുകയിലഹം പൊരുളും  തുടര്‍ന്നിടുന്നു.

12
തൊലിയുമെലുമ്പുമലം ദുരന്തമന്തഃ-
കലകളുമേന്തുമഹന്തയൊന്നു കാണ്‍ക!
പൊലിയുമിതന്യ പൊലിഞ്ഞുപൂര്‍ണ്ണമാകും
വലിയൊരഹന്ത വരാ വരം തരേണം.

13
ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-
ന്നകമലരിട്ടു വണങ്ങിയക്ഷമാറി
സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിന്‍
മഹിമയുമറ്റു മഹസ്സിലാണിടേണം.

14
ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും
ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
കപടയതിയ്ക്കു കരസ്ഥമാകുവീലെ--
ന്നും ഉപനിഷദുക്തിരഹസ്യമോര്‍ത്തിടേണം.

15
പരയുടെ പാലുനുകര്‍ന്ന ഭാഗ്യവാന്മാര്‍‌-
‍ക്കൊരുപതിനായിരമാണ്ടൊരല്പനേരം;
അറിവപരപ്രകൃതിക്കധീനമായാ-
ലരനൊടിയായിരമാണ്ടുപോലെ തോന്നും.

16
അധികവിശാലമരുപ്രദേശമൊന്നായ്
നദിപെരുകുന്നതുപോലെ വന്നു നാദം
ശ്രുതികളില്‍ വീണുതുറക്കുമക്ഷിയെന്നും
യതമിയലും യതിവര്യനായിടേണം.

17
അഴലെഴുമഞ്ചിതളാര്‍ന്നു രണ്ടു തട്ടായ്-
ച്ചുഴലുമനാദിവിളക്കു തൂക്കിയാത്മാ
നിഴലുരുവായെരിയുന്നു നെയ്യതോ മുന്‍-
പഴകിയ വാസന, വര്‍ത്തി വൃത്തിയത്രേ

18
അഹമിരുളല്ലിരുളാകിലന്ധരായ് നാ-
മഹമഹമെന്നറിയാതിരുന്നിടേണം;
അറിവതിനാലഹമന്ധകാരമല്ലെ-
ന്നറിവതിനിങ്ങനെയാര്‍ക്കുമോതിടേണം.

19
അടിമുടിയറ്റമതുണ്ടിതുണ്ടതുണ്ടെ-
ന്നടിയിടുമാദിമസത്തയുള്ളതെല്ലാം;
ജഡമിതു സര്‍വ്വമനിത്യമാം; ജലത്തിന്‍-
വടിവിനെ വിട്ടു തരംങ്ഗമന്യമാമോ?

20
ഉലകിനു വേറൊരു സത്തയില്ലതുണ്ടെ-
ന്നുലകരുരപ്പതു സര്‍വ്വമൂഹഹീനം;
ജളനു വിലേശയമെന്നു തോന്നിയാലും
നലമിയലും മലര്‍മാല നാഗമാമോ?


ആത്മോപദേശശതകം 21 to 29

Comments

Popular posts from this blog

അനുകമ്പാ ദശകം

അറിയിപ്പ്

സ്വാനുഭവഗീതി